ശബരിമല: പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതിയും തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെയും ദര്‍ശിച്ച് ശബരിമലയിൽ ഭക്തലക്ഷങ്ങൾ ദർശനപുണ്യം നേടി. വൈകീട്ട് 6.44 ന് ആണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്.
സന്നിധാനത്ത് എത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരിബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി വി.എന്‍. വാസവന്‍, തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു, തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചത്.
തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ തിരുവാഭരണപേടകം ശ്രീകോവിലിലേക്ക് കൊണ്ട്പോയത്. പിന്നാലെ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന നടന്നു. ഈസമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമായി.
15 മുതല്‍ 17 വരെ തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ കണ്ടുതൊഴാം. 18-ന് കളഭാഭിഷകവും, 19-ന് മാളികപ്പുറത്തെ മഹാകുരുതിയോടെ മകരവിളക്ക് ഉത്സവം സമാപിക്കും. മകരസംക്രമ മുഹൂര്‍ത്തമായ ചൊവ്വാഴ്ച രാവിലെ 8.45-ന് മകരസംക്രമപൂജ നടന്നു. കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് എത്തിക്കുന്ന നെയ്യാണ് ആദ്യം അഭിഷേകം ചെയ്തത്.