തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക്. കേരള സർക്കാരിന്റെ പൂർണ്ണ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായി ആരോഗ്യരംഗത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പരിഷ്കരണ നടപടിയുടെ ഭാഗമായി പെരിങ്ങര പഞ്ചായത്തിലെ സാമി പാലത്ത് പ്രവർത്തിച്ചുവരുന്ന ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഉദ്ഘാടന കർമ്മം പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് നിർവഹിച്ചു.
ഷീന മാത്യു വൈസ് പ്രസിഡണ്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി വിഷു നമ്പൂതിരി, മാത്തൻ ജോസഫ്, സനൽകുമാരി, ശാന്തമ്മ നായർ, മെഡിക്കൽ ഓഫീസർ ഡോക്ടർ. ജയചന്ദ്രൻ പി, ഡോക്ടർ.പ്രീതി ഏലിയാമ്മ ജോൺ, സുഭാഷ്, മായാദേവി, ജേക്കബ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
ഇനിയും ഒരു മൊബൈൽ നമ്പർ മാത്രം മതിയാവും മരുന്നുകൾ വാങ്ങുന്നതിന്. പേപ്പർ രഹിത രീതിയിലേക്ക് മാറുന്നതിനാൽ വിവരങ്ങൾ ഒരിക്കൽ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയാൽ പിന്നെ വരുന്ന അവസരങ്ങളിൽ രോഗികളുടെ മൊബൈൽ നമ്പർ മാത്രം കൊണ്ടുവന്നാൽ മതിയാകും.
അടിയന്തര സാഹചര്യങ്ങളിൽ മറ്റു സർക്കാർ ഹോമിയോ ഡിസ്പെൻസറിൽ നിന്നും മരുന്നുകൾ വാങ്ങുന്നതിനായി ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. രോഗിയെ സംബന്ധിച്ചുള്ള വിവരങ്ങൾ എത്ര നാൾ കഴിഞ്ഞാലും ഓൺലൈനിലൂടെ സംവിധാനം നിലയിൽ വരുന്നതോടുകൂടി എടുക്കാൻ സാധിക്കുന്നതാണ്. രോഗ ചികിത്സ കുറെ കൂടി വേഗത്തിൽ ആക്കാൻ ഈ സംവിധാനം ഏറെ പ്രയോജനകമാണ്.