ശബരിമല: മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറന്നതോടെ ഫ്ളൈഓവറിൽ കയറാതെ ഭക്തർക്ക് നേരിട്ട് ദർശനം നടത്താൻ അവസരം ലഭിച്ചു തുടങ്ങി.
പതിനെട്ടാംപടി കയറി കൊടിമരത്തിന്റെ ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര വഴി സോപാനത്ത് നേരിട്ട് എത്താവുന്ന തരത്തിലാണ് ക്രമീകരണം. ഇതിലൂടെ 30 സെക്കൻഡോളം അയ്യപ്പനെ ദർശിക്കാനാകും.
നിലവിൽ പതിനെട്ടാംപടി കയറി എത്തുന്ന ഭക്തർ ഇടത്തേക്കു തിരിഞ്ഞ് ഫ്ലൈഓവറിൽ ക്യൂ നിന്നാണ് സോപാനത്ത് എത്തുന്നത്. തിരക്കുള്ളപ്പോൾ രണ്ടോ മൂന്നോ സെക്കൻഡ് മാത്രമാണ് ദർശനം കിട്ടുക. ബലിക്കൽപുരയിൽ നിന്ന് അകത്തേക്കുകടന്ന് രണ്ടു ക്യൂവിലായി 50 പേർക്ക് ഒരേസമയം ദർശനം നടത്താവുന്ന രീതിയിലാണ് പുതിയ ക്രമീകരണം.
ക്യൂവിനെ വേർതിരിക്കുന്നത് ദീർഘ ചതുരാകൃതിയിലുള്ള കാണിക്കവഞ്ചി ഉപയോഗിച്ചാണ്. ഇതുമൂലം കാണിക്കപ്പണം നേരിട്ട് തിരുമുമ്പിൽ സമർപ്പിക്കാനാകും. ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവർക്ക് വടക്കേനടയിലൂടെ ക്യൂവിൽ പ്രവേശിച്ച് ദർശനം നടത്താം. അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ വഴിപാടുകൾ നടത്തുന്നവർക്ക് പ്രത്യേക ക്യൂ ഉണ്ടാകും.
19ന് രാത്രി 10ന് നട അടയ്ക്കും. വെർച്വൽ ക്യൂവഴിയും സ്‌പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്താം