ആലപ്പുഴ: ഈ സർക്കാരിൻ്റെ കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് 12,000 വീടുകളും പുനർഗേഹം പദ്ധതിവഴി 6,300 ഫ്ലാറ്റുകളും നിർമ്മിച്ചു നൽകിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള മത്സ്യഫെഡിൻ്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ‘മികവ് 2025’ ൻ്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ജവഹര്‍ ബാലഭവൻ ഓഡിറ്റോറിയത്തില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
400 ഫ്ലാറ്റുകളുടെ താക്കോൽദാനം അടുത്തുതന്നെ മുഖ്യമന്ത്രി നിർവഹിക്കും. കടൽക്ഷോഭം ചെറുക്കുന്നതിന് ചെല്ലാനത്ത് 344 കോടി രൂപ മുടക്കി കടൽഭിത്തി നിർമ്മാണം സർക്കാർ പൂർത്തീകരിച്ചു. കേരളത്തിൻ്റെ കടലോരമേഖലകളെ പരമാവധി കടൽഭിത്തികൾ കെട്ടി സംരക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നൽകിയ എൻട്രൻസ് പരിശീലനത്തിലൂടെ ഈ വർഷം മാത്രം 26 വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനം നേടാനായി. മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും 90 കുട്ടികളാണ് കഴിഞ്ഞ വർഷങ്ങളിൽ ഡോക്ടർമാരായത്. എഞ്ചിനീയറിങ്, നിയമം, അധ്യാപനം തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് നിരവധി വിദ്യാർഥികളാണ് പുറത്ത് വരുന്നത്. സിവിൽ സർവീസിൻൽ താല്പര്യമുള്ളവർക്ക് സിവിൽ സർവീസ് അക്കാദമി വഴി പഠനത്തോടൊപ്പം താമസത്തിനുമുള്ള അവസരവും നൽകുന്നു.
രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ ഒരുലക്ഷം രൂപവരെ ലഭിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള പത്ത് ടെക്നിക്കൽ സ്കൂളുകളിൽ കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ അവസരമുണ്ടെന്നും ഈ സ്കൂളുകളിൽ കുട്ടികളെ സഹായിക്കുന്നതിന് പ്രമോട്ടർമാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി.