തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ സംസ്ഥാനത്തുടനീളം ഇന്നും പ്രതിഷേധങ്ങൾ. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ എല്ലാ ജില്ലകളിലെയും ഡിഎംഒ ഓഫിസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പത്തനംതിട്ട അങ്ങാടിക്കലിലുള്ള വീണാ ജോർജിന്റെ വീട്ടിലേക്ക് കയറാൻ ശ്രമിച്ച വനിതകൾ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു .
കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പ്രജീഷിന് തലയ്ക്കു പരിക്കേറ്റു. പ്രവർത്തകർ കണ്ണൂർ- തളിപ്പറമ്പ് ദേശീയ പാത ഉപരോധിച്ചു.അങ്കമാലിയിൽ മന്ത്രി വി.എൻ.വാസവനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി.