ബീജിംഗ് : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബീജിംഗിൽ കൂടിക്കാഴ്ച നടത്തി.ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത് .2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ – ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
ഇന്ന് രാവിലെ ബീജിംഗിൽ പ്രസിഡന്റ് ഷി ജിൻപിങ്ങിനെ സന്ദർശിച്ചുവെന്നും പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശംസകൾ അറിയിച്ചുവെന്നും ജയശങ്കർ എക്സിൽ കുറിച്ചു. ഉഭയകക്ഷി ബന്ധത്തിലെ സമീപകാല പുരോഗതിയെക്കുറിച്ച് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ധരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ ബീജിംഗിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.