തിരുവല്ല : നിരവധി മോഷണകേസുകളിൽ പ്രതിയെ ബൈക്ക് മോഷണത്തിനു തിരുവല്ല പോലീസ് പിടികൂടി. തൊടുപുഴ തൃക്കൊടിത്താനം കാരിക്കോട് താഴെതോട്ടിൽ പുള്ള് ബിജു എന്ന ടി ടി ബിജു (50) ആണ് അറസ്റ്റിലായത്. കർക്കടകവാവുബലി ദിവസം ഉച്ചക്ക് 3.30 ഓടെ തിരുവല്ല വൈ എം സി എ ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിനു മുന്നിൽ നിന്നും കറുത്ത യുണികോൺ മോട്ടോർ സൈക്കിൾ ആണ് മോഷ്ടിച്ചത്.
കോട്ടയം പായിപ്പാട് നാലുകോടി കല്ലുപറമ്പിൽ വീട്ടിൽ സുധീഷിന്റെതാണ് ബൈക്ക്. സുധീഷ് ഈ കെട്ടിടത്തിൽ മേസ്തിരി പണി ചെയ്യുകയാണ്. മോഷണ വിവരമറിഞ്ഞ തിരുവല്ല പോലീസ്, ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം കേസ് എടുത്തു. എസ് സി പി ഓ ഗിരീഷ് ആണ് മൊഴി രേഖപ്പെടുത്തിയത്. എസ് ഐ ഡൊമിനിക് മാത്യു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സ്ഥലത്തെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, മറ്റു സ്റ്റേഷനുകൾക്ക് കേസ് സംബന്ധിച്ച വിവരങ്ങൾ കൈമാറുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മോഷ്ടാവിനു വേണ്ടിയുള്ള തെരച്ചിൽ വ്യാപകമാക്കി. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായവും ലഭ്യമാക്കി.
തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലും, പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിലും പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്. തൊടുപുഴ ടൗണിലുള്ള ബിവറേജസിന് മുമ്പിൽ നിന്നും പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ കസ്റ്റഡിയിലെടുത്തു.
പ്രതിയെ വിശദമായി ചോദ്യം ചെയ്തു, തുടർ നടപടികൾക്കൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി.






