പത്തനംതിട്ട : നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി .
പി.എ ആയ അനിൽകുമാർ എൻ.ജി., സൂപ്രണ്ട് ആയ ഫിറോസ് എസ്., സെക്ഷൻ ക്ലർക്ക് ആയ ബിനി ആർ. എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
അധ്യാപികയുടെ യു.പി.എസ്.ടി. തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചു കൊണ്ട് ഹൈക്കോടതി 2024 നവംബർ 26-ന് ശമ്പളവും ആനുകൂല്യങ്ങളും മൂന്ന് മാസത്തിനുള്ളിൽ വിതരണം ചെയ്യാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിരുന്നു. 2025 ജനുവരി 17-ന് സർക്കാർ കത്തിലൂടെ ചട്ടപ്രകാരം നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകി.
എന്നാൽ, ജനുവരി 31-ന് പ്രധാനാധ്യാപികയ്ക്ക് നിർദേശം നൽകിയ ശേഷം ശമ്പള കുടിശ്ശിക അനുവദിക്കുന്നതിനുള്ള മറ്റ് തുടർനടപടികളൊന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കുകയും സ്പാർക്ക് ഓതന്റിക്കേഷനുവേണ്ടി പ്രധാന അധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ താമസിപ്പിക്കുകയും ചെയ്തതിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പി.എ., സൂപ്രണ്ട്, സെക്ഷൻ ക്ലാർക്ക് എന്നിവർ ഗുരുതര വീഴ്ച വരുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തു. കൂടാതെ, സ്‌കൂളിലെ പ്രധാനാധ്യാപികയെ അന്വേഷണ വിധേയമായി വേലവിലക്കാൻ മാനേജ്‌മെന്റിന് നിർദേശം നൽകി.