കോഴഞ്ചേരി : ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതിസ്സായി എല്ലാ ഭവനങ്ങളിലും ദീപങ്ങള്‍ തെളിയിക്കണമെന്ന് ഭക്തസമൂഹത്തോടു സ്വാമി ചിദാനന്ദപുരി ഓർമ്മിപ്പിച്ചു. മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍മസന്ദേശ യാത്രയുടെ ഭാഗമായി കോഴഞ്ചേരിയില്‍ നടന്ന ഹിന്ദുമഹാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി.
കാലം ഏറെ മാറി. അഷ്ടമിരോഹിണി സദ്യ ആറന്മുളയപ്പന് നിവേദിക്കും മുമ്പ് മന്ത്രിക്ക് നിവേദിച്ച നാടാണിത്. ആത്മനൊമ്പരം അല്ല വേണ്ടത്. ആത്മരോഷമാണ്. ധര്‍മരക്ഷണത്തിനായി ഹിന്ദുസമൂഹം ഒന്നിക്കണം. സത്യം നിലനിര്‍ത്താന്‍ ശ്രമിക്കണം സ്വത്വത്തെ തിരിച്ചറിയുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചത്.
എന്നാല്‍ കേരളം അത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതു നടപ്പാക്കിയാല്‍ നാളെ ഇടതുപക്ഷത്തിനു പോസ്റ്റര്‍ ഒട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും കുട്ടികളെ കിട്ടില്ലെന്ന് കേരളത്തിലെ ഇടതുഭരണക്കാര്‍ക്കറിയാം. ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നൂറ്റാണ്ടിന് മുമ്പ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു.
ട്രാക്ടറിനും യന്ത്രത്തിനും സംരംഭങ്ങള്‍ക്കും എതിരെ കൊടികുത്തുന്ന നവകേരളം അല്ല വേണ്ടത്. സമാജം സാമ്പത്തികമായി ഉയരുകയാണ് വേണ്ടത്. ദാരിദ്ര്യത്തെ ഉപാസിക്കാന്‍ ഒരു വേദവും പറഞ്ഞിട്ടില്ല. സാധനങ്ങള്‍ വാങ്ങുമ്പോള്‍ നമ്മുടെ പണം ആര്‍ക്കാണ്, എന്തിനാണ് പോകുന്നതെന്ന് ശ്രദ്ധിക്കണം.
ഇന്ന് ഭാരതത്തില്‍ ഹിന്ദു ജനസംഖ്യ കുറയുകയാണ്. ഇസ്ലാം ജനസംഖ്യ വര്‍ധിക്കുന്നു. ക്രൈസ്തവ സഭകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി 2008ല്‍ ഇടയലേഖനം ഇറക്കിയിരുന്നു. സംഘടിതമായ ബലം ഹിന്ദുക്കള്‍ക്ക് ഉണ്ടാവണം. ഹിന്ദു എന്ന ബോധത്തില്‍ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വള്ളിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ആപ്തലോകാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദ ഗിരി, മഹാമണ്ഡലേശ്വര്‍ പ്രഭാകരാനന്ദ സരസ്വതി, ബ്രഹ്‌മകുമാരി ജ്യോതി ബിന്ദു ബഹന്‍, സ്വാമി സര്‍വ്വാത്മാനന്ദ, മാതാജി കൃഷ്ണാനന്ദ പൂര്‍ണിമാമയി, സ്വാമിനി ഭവ്യാമൃതപ്രാണ തുടങ്ങിയവർ പ്രസംഗിച്ചു.






