കോട്ടയം : തൃക്കൊടിത്താനം ക്ഷേത്രത്തിനു സമീപം ജില്ലാ പഞ്ചായത്ത് പുതിയതായി നിർമിച്ച വിശ്രമകേന്ദ്രമായ ‘പാഥേയം’ സഹകരണം -ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ.വാസവൻ നാട്ടിനു സമർപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തിന്റെ വിവിധ വാർഷിക പദ്ധതികളിലായി 82.47 ലക്ഷം രൂപ വകയിരുത്തിയാണ് ദേവസ്വം ബോർഡ് ലഭ്യമാക്കിയ ഭൂമിയിൽ 4000 ചതുശ്രയടി വിസ്തൃതിയിൽ ഇരുനില കെട്ടിടം നിർമിച്ചത്.
താഴത്തെ നിലയിൽ നാല് കിടപ്പുമുറികൾ, ആറ് ശുചിമുറി, മുകൾ നിലയിൽ രണ്ട് ഡോർമെട്രി, ആറ് ശുചിമുറി എന്നിവയുണ്ട്. വിശാലമായ പാർക്കിങ്ങ് സൗകര്യവുമുണ്ട്.സംസ്ഥാന സർക്കാരിൻ്റെ മുൻഗണനാ പദ്ധതിയായ ടേക്ക് എ ബ്രേക്കിന്റെ മാനദണ്ഡങ്ങൾ പാലിച്ചാവും വിശ്രമ കേന്ദ്രം പ്രവർത്തിക്കുക. ടൂറിസ , തീർത്ഥാടന ടൂറിസം സാധ്യതകൾ പരിഗണിച്ചാണ് തൃക്കൊടിത്താനത്ത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.