തിരുവനന്തപുരം : വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്തു മേയാൻ വിടുന്നത് ഒഴിവാക്കണം. 11നു മുൻപും നാലിനു ശേഷവും മാത്രം പശുക്കളെ മേയാൻ വിടണം.
തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുക, മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്‌ളർ / നനച്ച ചാക്കിടുക എന്നിവ ഉത്തമമാണ്. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും ലഭ്യമായിരിക്കണം .ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.മികച്ച കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തണം. താരതമ്യേന ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കണം.
ചൂടുകാലത്തു ബാഹ്യ പരാദങ്ങൾ പപെറ്റുപെരുകുന്ന സമയമായതിനാൽ അവയെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ഇതു നിയന്ത്രിക്കുന്നതിനു കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി കറവ ക്രമീകരിക്കണം. കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മുതൽ വൈകിട്ടു നാലു വരെയുള്ള സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്.
തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരിക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം.സൂര്യാഘാതമേറ്റാൽ ആദ്യം തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്ക്കുക.കുടിക്കാൻ ധാരാളം വെള്ളം നൽകുക
രോമം കൂടിയ ഇനത്തിൽ പെട്ട അരുമ മൃഗങ്ങളെ വേനൽക്കാലത്തു ഗ്രൂമിംഗിന് വിധേയമാക്കി അവയുടെ രോമക്കെട്ടുകളുടെ അളവു കുറക്കുക. കോൺക്രീറ്റ്/ ടിൻ ഷീറ്റുകൊണ്ടുള്ള കൂടുകളുടെ മേൽക്കൂരകളിൽ നനഞ്ഞ ചണം ചാക്ക് വിരിക്കുന്നതും ഇടയ്ക്കിടയ്ക്ക് ചാക്കിൽ വെള്ളം തളിക്കുന്നതും ചൂട് കുറക്കുന്നതിന് സഹായകരമായിരിക്കും. കൂടുകളിൽ നേരിട്ട് സൂര്യപ്രകാശം പതിയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ശുദ്ധമായ കുടിവെള്ളത്തോടൊപ്പം വിറ്റാമിൻ തുള്ളിമരുന്നുകൾ നൽകുക. ചൂടുകാലത്തു ബാഹ്യ പരാദങ്ങൾ പെറ്റുപെരുകുന്ന സമയമായതിനാൽ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.ചൂട് കൂടിയ ഉച്ച സമയങ്ങളിൽ ആഹാരം നൽകാതെ ചൂട്കുറവുള്ള സമയങ്ങളിൽ പ്രത്യേകിച്ച് രാവിലെയും വൈകീട്ടും പല നേരങ്ങളിലായി എളുപ്പം ദഹിക്കുന്ന ആഹാരം നൽകുന്നതാണ് നല്ലത്.
വളർത്തു മൃഗങ്ങളുമായുള്ള വാഹനത്തിലെ യാത്രകൾ കഴിവതും രാവിലെയും വൈകിട്ടുമായി ക്രമീകരിക്കേണ്ടതാണ്.അടച്ചിട്ട കാറുകളിൽ അരുമ മൃഗങ്ങളെ ഒറ്റക്കാക്കി പുറത്തുപോകരുത്.ചൂട് കൂടിയ പകൽ സമയങ്ങളിൽ റോഡിലോ കോൺക്രീറ്റ് നടപ്പാതയിലോ അരുമ മൃഗങ്ങളെ നടത്തരുത്.
ശരീരോഷ്മാവ് വർധിക്കുക ,അമിതമായ ശ്വാസോച്ഛാസം,സാധാരണ ഗതിയിലും കൂടുതലായി ഉമിനീർ കാണുക,വിറയൽ,തളർന്നു വീഴുക,ആഹാരം കഴിയ്ക്കാതിരിക്കുക,ക്ഷീണം,ഛർദി എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ
സൂര്യാഘാതമേറ്റാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക.തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്ക്കുക. കുടിക്കാൻ തണുത്ത വെള്ളം നൽകുക. ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക