ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ഉണ്ടായ വൻ സ്‌ഫോടനത്തിൽ പത്ത് പേരോളം മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 25 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.
പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഏഴുമണിയോടെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച സ്ഫോടനമുണ്ടായത്. ചെങ്കോട്ട മെട്രോസ്‌റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂർണമായും തകർന്നു.
അമ്പതോളം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഡല്‍ഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി തീനിയന്ത്രണവിധേയമാക്കി. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു, മെട്രോസ്‌റ്റേഷന്‍ പരിസരം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കി. ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.






