കെയ്റോ : കോപ്റ്റിക്ക് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ പോപ്പ് തവാദ്രോസ് രണ്ടാമനുമായി മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നടത്തിയ കൂടിക്കാഴ്ച്ച ഓറിയന്റൽ ഓർത്തഡോക്സ് കുടുംബത്തിലെ രണ്ട് സഹോദരി സഭകൾ തമ്മിലുള്ള പരസ്പര സഹകരണത്തിന് കൂടുതൽ ഊർജ്ജം പകരുന്നതായി ഓർത്തഡോക്സ് സഭ
ലോകമാകെ അശാന്തി പടരുന്ന ഈ കാലത്ത് ക്രൈസ്തവസഭകൾക്ക് ഒട്ടേറെ സാമൂഹിക ഇടപെടലുകൾ നടത്താനാകുമെന്ന് കെയ്റോയിൽ നടന്ന യോഗം വിലയിരുത്തി. എത്യോപ്യയിൽ ഓർത്തഡോക്സ് ക്രൈസ്തവർക്ക് നേരെ നടക്കുന്ന വംശഹത്യയിൽ മലങ്കരസഭയ്ക്കുള്ള വേദന കോപ്റ്റിക്ക് സഭാതലവനുമായി പങ്കുവെച്ചു. ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലെ പ്രധാനപ്പെട്ട അംഗമാണ് എത്യോപ്യൻ ഓർത്തഡോക്സ് സഭ.
മലങ്കരസഭാതർക്കവും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. ഭാരതത്തിന്റെ പരമോന്നത കോടതി സത്യവും നീതിയും ശരിയും കണ്ടെത്തി അന്തിമ വിധി പ്രഖ്യാപിച്ച ശേഷവും ശാശ്വതസമാധാനം പൂർണമായിട്ടില്ലെന്ന വസ്തുത ഏവരെയും ബോധ്യപ്പെടുത്താൻ മലങ്കരസഭ പ്രതിജ്ഞാബദ്ധമാണ്. അല്ലാത്തപക്ഷം ഭാരതത്തിന്റെ കോടതിവിധികളുടെ അന്തസത്ത ലോകത്തിന് മുന്നിൽ ചോദ്യം ചെയ്യപ്പെടും.
മലങ്കരസഭയെ ആദിമകാലം മുതൽ ഭാരതസഭ അഥവാ ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്ന് അറിയപ്പെടുന്നത് തന്നെ രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയോട് ചേർന്ന് നിൽക്കുന്നതുകൊണ്ടാണ്. ഇക്കാര്യങ്ങളെല്ലാം കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. മലങ്കരയിൽ ശ്വാശതസമാധാനമുണ്ടാകണമെന്ന് മലങ്കരസഭയെപ്പോലെ കോപ്റ്റിക്ക് സഭയും ആഗ്രഹിക്കുന്നു.
എന്നാൽ ഇത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള സമിതികൾ രൂപീകരിച്ചിട്ടില്ല. വസ്തുതാപരമല്ലാത്ത വാർത്തകൾക്ക് ആയുസില്ലാത്ത കാലമാണിതെന്ന് സഭാതർക്കം മംഗളമായി പര്യവസാനിക്കാൻ ആഗ്രഹിക്കുന്നവർ തിരിച്ചറിയണം. സമാധാനത്തിലേക്കുള്ള വാതിൽ മലങ്കരസഭ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഇക്കാര്യം ഒരിക്കൽക്കൂടി പരിശുദ്ധ പോപ്പിനെ അറിയിക്കുവാൻ കൂടിക്കാഴ്ച്ചയിൽ സാധിച്ചു.
സഭയുടെ എക്യൂമെനിക്കൽ ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ച് അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ, ഫാ.അശ്വിൻ ഫെർണാണ്ടസ് എന്നിവരും, സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗം ശ്രീ ജേക്കബ് മാത്യു, ഫാ.ഗീവർഗീസ് ജോൺസൺ എന്നിവരും കോപ്റ്റിക്ക് സഭാതലവന്റെ കെയ്റോയിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ച്ചയിൽ പരിശുദ്ധ കാതോലിക്കാ ബാവായ്ക്കൊപ്പം പങ്കെടുത്തു.






