തിരുവനന്തപുരം : മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെ റോഡിൽ തടഞ്ഞു നിർത്തി ആക്രമിച്ചെന്ന കേസില്‍ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ ,ഭർത്താവ് സച്ചിൻ ദേവ് എംഎൽഎ, സഹോദരന്‍ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവർക്ക് കോടതി നോട്ടീസയച്ചു. ഇവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നടപടി. വാഹനം തടഞ്ഞതിന് മേയറുടെ സഹോദരനെതിരെ മാത്രമാണ് കൻറോൺമെൻറ് പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചത്.
ഈ മാസം 21-ാം തീയതി നേരിട്ടോ അഭിഭാഷകൻ മുഖേനയോ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ടാണ് നോട്ടീസ്. തന്നോടൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്ടക്ടര്‍ സുബിനെ കൂടി പ്രതിയാക്കണം എന്ന് യദു തന്റെ പുതിയ ഹർജിയിൽ ആവശ്യപ്പെടുന്നു. കേസിലെ ഏറ്റവും നിർണ്ണായകമായ തെളിവായ ബസ്സിലെ സിസിടിവി മെമ്മറി കാർഡ് നശിപ്പിച്ചത് സുബിൻ ആണെന്ന് യദു ഹർജിയിൽ ആരോപിക്കുന്നു.






