ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി നടതുറന്ന ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്ര സന്നിധാനത്ത് പുതുവത്സരദിനത്തിൽ ശബരീശന് തിരുവാതിര അർച്ചന സമർപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ. തിരുവനന്തപുരം വെഞ്ഞാറമൂടിലെ ജീവകല സാംസ്‌കാരിക കേന്ദ്രത്തിലെ ഒൻപത് വയസിനു താഴെയുള്ള 11 പെൺകുട്ടികളാണ് സന്നിധാനം നടപന്തലിലെ വേദിയിൽ തിരുവാതിര അവതരിപ്പിച്ചത്.
കൈകൊട്ടിയും, കോൽകെട്ടിയും, മൺചിരാതുകൾ ചേർത്തും വ്യത്യസ്തമായ 5 തിരുവാതിര ഇനങ്ങൾ അവതരിപ്പിച്ചു. ഭക്തിസാന്ദ്രമായ സന്നിധാനത്ത് കുട്ടികളുടെ നൃത്താർച്ചന അയ്യപ്പ ഭക്തർക്കും കൗതുകകാഴ്ചയായി. എ കെ ആദിത്യ, എ പുണ്യ, എസ് ശ്രവ്യ, നിള ഉണ്ണികൃഷ്ണൻ, എസ് വി ശിവപ്രിയ, കെ കൃഷ്ണകൃപ, വൈഷ്ണവി എസ് നായർ, ദേവപ്രിയ അരുൺ, എസ് പി ശിവകാർത്തിക, എസ് എസ് വൈഗ, ആർ കെ നിരഞ്ജന എന്നിവരാണ് തിരുവാതിര അവതരിപ്പിച്ചത്.
നൃത്യാധ്യാപിക പാർവതി മോഹനാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്. 2017 മുതൽ സന്നിധാനത്ത് ജീവകല സാംസ്‌കാരിക കേന്ദ്രം തിരുവാതിര അവതരിപ്പിക്കുകയാണ്. ജീവകല സെക്രട്ടറി വി എസ് ബിജുകുമാർ, ജോയിന്റ് സെക്രട്ടറി പി മധു എന്നിവരാണ് സംഘത്തെ ശബരിമലയിലെത്തിച്ചത്.






