ന്യൂഡൽഹി : പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ തിരുവല്ലയ്ക്ക് പ്രത്യേക പരിഗണന നൽകിയുള്ള സമഗ്ര വികസന പദ്ധതി റിപ്പോർട്ട് അനൂപ് ആന്റണി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കൈമാറി. ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയുടെ ഏക റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ തിരുവല്ലയിൽ തീർത്ഥാടകർക്കാവശ്യമായ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി വിപുലമായി വികസിപ്പിക്കണമെന്നും കത്തിൽ സൂചിപ്പിച്ചു.
ചക്കുളത്തുകാവ്, ശ്രീവല്ലഭ ക്ഷേത്രം, പരുമല പള്ളി, മാരാമൺ കൺവെൻഷൻ, നിരണം പള്ളി, മലയാലപ്പുഴ ക്ഷേത്രം, എടത്വ പള്ളി എന്നിവ ഉൾപ്പെടെയുള്ള നിരവധി തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ വലിയ വരവ് കണക്കിലെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
റെയിൽവേയുടെ ഉടമസ്ഥതയിൽ തിരുവല്ലയിൽ നിലവിലുള്ള വലിയ സ്ഥലവിസ്തീർണം ഈ വികസന പ്രവർത്തനങ്ങൾക്കായി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും, വന്ദേ ഭാരത് ട്രെയിൻ സർവീസുകൾക്കും, അമൃത എക്സ്പ്രസിനും തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഈ വിഷയങ്ങളിൽ റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായും അനൂപ് ആന്റണി വ്യക്തമാക്കി.






