പത്തനംതിട്ട : ശബരിമല വിമാനത്താവള നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
ഇനി പുതിയ ഏജൻസി സാമൂഹികാഘാത പഠനം നടത്തുമെന്ന് സർക്കാർ അറിയിച്ചു. ബിലീവേഴ്സ് ചർച്ചിൻ്റെ കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തത്. 441 കൈവശക്കാരുടെ ഉടമസ്ഥതയിലുള്ള 1004 .28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് കഴിഞ്ഞ വർഷം സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിച്ചതിലും ചട്ടവിരുദ്ധമായ പ്രവൃത്തികൾ നടന്നു വെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. സർക്കാരിൻ്റെ കീഴിലുള്ള ഏജൻസി സാമൂഹികാഘാത പഠനം നടത്തിയത് കേന്ദ്ര- സംസ്ഥാന ചട്ടങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാർ ചൂണ്ടികാട്ടിയിരുന്നു