തിരുവല്ല: ളാഹ മഞ്ഞത്തോട്ടിലെ എല്ലാ ആദിവാസി കുടുംബങ്ങളുടെയും അടച്ചുറപ്പുളള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ. മാർത്തോമ്മാ സഭയുടെ അഭയം പദ്ധതിയിൽ മഞ്ഞത്തോട്ടിലെ 5 ആദിവാസി കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയ വീടുകളുടെ സമർപ്പണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മെത്രാപ്പൊലീത്താ.
അറുപതോളം കുടുംബങ്ങൾ ദുഷ്കരമായ സാഹചര്യത്തിൽ
ഇവിടെ കഴിയുന്നു. ദാരിദ്യത്തിന് പുറമേ വന്യമ്യഗശല്ല്യവും ഇവരുടെ ജീവിതം ദുസഹമാകുന്നു. ഏറുമാടങ്ങളിൽ കഴിയുന്നവരെ ഇവിടെ കാണാൻ കഴിഞ്ഞിട്ടുണ്ട്. വാസയോഗ്യമായ വീടില്ലാത്ത എല്ലാവർക്കും സഭയായി ഭവനം നിർമ്മിച്ചു നൽകും. കഴിഞ്ഞ 3 വർഷമായി സഭയുടെ വികസന വിഭാഗമായ കാർഡിൻ്റെ നേത്യത്വത്തിൽ ഇവിടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നു.ടോയ് ലറ്റ് സൗകര്യം ഒരുക്കുന്നതിനും പ്രഥമ പരിഗണന നൽകും.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൻ്റ നേത്യത്തിൽ എല്ലാ മാസവും മെഡിക്കൽ ക്യാമ്പുകൾ നടത്തി ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നു.ടെലി മെഡിസിൻ സൗകര്യം ഒരുക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകും. ശ്രേഷ്ഠമായ അവരുടെ സംസ്കാരം നിലനിർത്തി ഐക്യബോധത്തോടെ ജിവിക്കാനുളള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മെത്രാപ്പൊലീത്താ പറഞ്ഞു.
അഭയം പ്രോജക്ട് ചെയർമാൻ ഡോ. ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലത്താ അധ്യക്ഷനായി. കാർഡ് പ്രസിഡൻ്റ് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ മുഖ്യപ്രഭാഷണം നടത്തി. സഫ്രഗൻ മെത്രാപ്പൊലീത്താ, സഭാ സെക്രട്ടറി എബി. ടി. മാമ്മൻ, വികാരി ജനറാൾ ജോർജ്ജ് മാത്യു, അമ്പാട്ട് ഇത്താപ്പിരി ഫൗണ്ടേഷൻ പ്രതിനിധി അജിത്ത് ഐസക്, കാർഡ് ഡയറക്ടർ മോൻസി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗം മജ്ഞു പ്രമോദ്, ഡപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ കെ. മുകേഷ് കുമാർ, കെ. വി. കെ സീനിയർ സയൻ്റിസ്റ്റ് സി.പി. റോബർട്ട്, കാർഡ് ട്രഷറർ വിക്ടർ. ടി. തോമസ്, കോ. ഓർഡിനേറ്റർ റെബു തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു. പച്ചക്കറി തൈകളുടെ വിതരണവും നടന്നു