തിരുവനന്തപുരം: കേരളത്തില്‍ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേ ബജറ്റിനെ കുറിച്ച് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് 3011 കോടി രൂപയുടെ റെയില്‍ ബജറ്റ് വിഹിതം അനുവദിച്ചതായും യു പി എ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 372 കോടിയെ അപേക്ഷിച്ച് എട്ടു മടങ്ങ് അധിക തുകയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ശബരി റെയില്‍ പദ്ധതിക്കായി നിലവിലുള്ള നിര്‍ദിഷ്ട അങ്കമാലി-എരുമേലി പാതയ്ക്ക് പുറമെ പുതുതായി പരിഗണിക്കുന്ന ചെങ്ങന്നൂര്‍ – പമ്പ പാതയുടെ സര്‍വ്വേ പുരോഗമിക്കുകയാണെന്നും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം പാത സംബന്ധിച്ച ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി സൂചിപ്പിച്ചു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിന് അനുസൃതമായാണ് റെയില്‍വേയും പ്രവര്‍ത്തിക്കുന്നത്. സഹകരണ ഫെഡറലിസത്തിലൂന്നിയുളള സംസ്ഥാനങ്ങളുടെ സഹകരണമാണ് റെയില്‍വേ വികസനത്തില്‍ കേന്ദ്രം പ്രതീക്ഷിക്കുന്നത്. കേരളത്തിലെ റെയില്‍വേ വികസനത്തിനായി 465 ഹെക്ടര്‍ സ്ഥലം വേണമെന്നിരിക്കെ ഇതുവരെ 62 ഹെക്ടര്‍ സ്ഥലം മാത്രമാണ് ലഭ്യമായിട്ടുള്ളത്.
അതേസമയം സംസ്ഥാനത്തെ പാതയിരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം 2500 അധിക ജനറല്‍ കോച്ചുകള്‍ നിര്‍മ്മിച്ചതായും വരും വര്‍ഷങ്ങളില്‍ 10000 കോച്ചുകള്‍ നിര്‍മ്മിക്കും. അമൃത് ഭാരത് പദ്ധതി പ്രകാരം റെയില്‍വേസ്റ്റേഷനുകളുടെ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി കേരളത്തിലെ 35 റെയില്‍വേ സ്റ്റേഷനുകളെ അമൃത് സ്റ്റേഷനുകളാക്കി പുനര്‍വികസിപ്പിക്കുമെന്നും റെയില്‍ മന്ത്രി വ്യക്തമാക്കി. പുതിയ ട്രെയിനുകള്‍ വരുമ്പോള്‍ പഴയ സര്‍വീസുകളെ ബാധിക്കുമെന്നും ലോക്കോ പൈലറ്റുമാര്‍ക്ക് വേണ്ടത്ര വിശ്രമം അനുവദിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ മന്ത്രി തള്ളി.
പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ധന്യ സനലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.