പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറിയിച്ചു. ഇപ്പോള്‍ ഇവ എവിടെയാണെന്ന് അറിയില്ലെന്നും 3 പവൻ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു ചെമ്പുപാളികൾക്ക് സ്വർണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠം കൂടി നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിര്‍മിച്ചത്. മൂന്നുപവന്‍ സ്വര്‍ണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു ഈ പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു
എന്നാല്‍ പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്പോൺസറെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് സ്‌പോണ്‍സര്‍ പറയുന്നത്. ശബരിമലയിലെ സ്‌ട്രോങ് റൂമില്‍ പീഠമുണ്ടോ അതല്ല നല്‍കിയ ഭക്തര്‍ക്ക് തന്നെ തിരികെ നല്‍കിയോ എന്നതിലും വ്യക്തത വരേണ്ടതുണ്ട്. വിജിലന്‍സിന്റെ പരിശോധനയില്‍ ഇതുകൂടി ഉള്‍പ്പെടാനാണ് സാധ്യത.
പീഠം നല്‍കിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കാന്‍ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്ന് സ്‌പോണ്‍സര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും കഴിഞ്ഞ ആറുവര്‍ഷമായി തനിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പാളികളുടെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഘട്ടത്തില്‍ ഈ പീഠം കൂടി ഉണ്ടാകുമെന്ന് കരുതിയതായും എന്നാല്‍ അത് ഇല്ലായിരുന്നുവെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കാനാണ് ഹൈക്കോടതിയുടെ നീക്കം.






