കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സമീപം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ നടത്തുന്ന മാർ ഗ്രീഗോറിയോസ് കാരുണ്യനിലയത്തിൽ ഓണത്തോട് അനുബന്ധിച്ച് സ്നേഹസംഗമം നടന്നു. കാരുണ്യനിലയം മാനേജിംഗ് ട്രസ്റ്റി ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരുമടക്കം 250-ഓളംപേർ ചടങ്ങിൽ പങ്കെടുത്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ് കൗൺസിലിങ് ക്ലാസ് എടുത്തു.
വിസാറ്റ് എഞ്ചിനീയറിങ് കോളജ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകളും മുത്തൂറ്റ് ഫിനാൻസ് ഓണക്കിറ്റുകളും വിതരണം ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിലേക്കുള്ള പുതിയ വീൽചെയറുകളും, സ്ട്രച്ചറുകളും പരിശുദ്ധ കാതോലിക്കാ ബാവാ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കൈമാറി.
കാരുണ്യനിലയം സെക്രട്ടറി ഫാ.ബിറ്റു കെ മാണി, ട്രഷറാർ ഫാ.ജോൺ ചിറത്തിലാട്ട് കോർ-എപ്പിസ്കോപ്പാ, മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ശ്രീ.ജോർജ് ജോസഫ്, റെജു ഉപ്പൂട്ടിൽ, വർഗീസ് റ്റി.ഏബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ തെക്കോടം,വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്പ്, ഫാ.ഫിലിപ്പ് തോമസ്, പ്രൊഫ.ജേക്കബ് കുര്യൻ എന്നിവർ പ്രസംഗിച്ചു.






