ന്യൂഡൽഹി: എബിവിപി 71-ാം ദേശീയ സമ്മേളനം 28 മുതല്‍ 30 വരെ ഡെറാഡൂണില്‍. പരേഡ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച ഭഗവാന്‍ ബിര്‍സ മുണ്ട നഗറാണ് വേദിയാകുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി 1500 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
28ന് രാവിലെ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. 30ന് സമാപനസമ്മേളനത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മുഖ്യാതിഥിയാകും. പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കര്‍ യുവ പുരസ്‌കാരം സ്മൈല്‍ റൊട്ടി ബാങ്ക് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീകൃഷ്ണ പാണ്ഡെക്ക് ചടങ്ങില്‍ സമ്മാനിക്കും.
ദേശീയസമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. എബിവിപി ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസം, സമൂഹം, പരിസ്ഥിതി, സേവനം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങളെക്കുറിച്ചും സമ്മേളനം അംഗീകരിക്കേണ്ട പ്രമേയങ്ങളും ചര്‍ച്ച ചെയ്തു. രാജ്യത്തുടനീളമുള്ള 107 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.






