കോന്നി: മുൻവിരോധത്താൽ യുവാവിനെ സിമൻ്റ് കട്ട കൊണ്ട് എറിഞ്ഞ് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലെ നാലാം പ്രതിയെ കോന്നി പോലീസ് പിടികൂടി. മറ്റു പ്രതികൾക്കുള്ള അന്വേഷണം ഊർജ്ജമാക്കി. കോന്നി പൊന്തനാംകുഴി മുരുപ്പ് വലിയ പുരയ്ക്കൽ വീട്ടിൽ ബിനു ( മണി -26) ആണ് അറസ്റ്റിലായത്. കൂടൽ കുളത്തുമൺ ശിവക്ഷേത്രത്തിന് സമീപം പുത്തൻവീട്ടിൽ സനോജി(38) നാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഘത്തിൽ 6 പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് 7 ന് കോന്നി ടൗണിലെ ബാറിന് മുന്നിൽ ആയിരുന്നു സംഭവം. ബാറിൽ നിന്നും മദ്യപിച്ചശേഷം പുറത്തിറങ്ങിയ പ്രതികൾ മുൻവിരോധം കാരണം ബിനുവിനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും, അവിടെ കിടന്ന ഇന്റർലോക്ക് കട്ടയുടെ കഷണം കൊണ്ട് എറിഞ്ഞു തലക്കും മുതുകിനും പരുക്കേൽപ്പിക്കുകയായിരുന്നു. തറയിലിട്ട് ചവിട്ടുകയും ചെയ്തു. സനോജിൻ്റെ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോന്നി പോലീസ് സനോജിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയ പോലീസ് സംഘം, ബിനുവിനെ പിടികൂടുകയായിരുന്നു. മറ്റ് പ്രതികൾ ഒളിവിലാണ്.
പോലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ പ്രതികൾ ആക്രമിക്കാൻ ഉപയോഗിച്ച ഇന്റർലോക്ക് കഷണവും മറ്റും കണ്ടെടുത്തു. ബാറിലെ സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് വിശദമായ പരിശോധന നടത്തി ബിനു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും മറ്റു നടപടികൾ പൂർത്തിയാക്കുകയും ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.