ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ.
വിഭവങ്ങൾ തയ്യാറാക്കുന്നതിന് തുടക്കം കുറിച്ച് ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും പകർന്ന ദീപം പളളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.വി സാംബദേവൻ ഊട്ടുപുരയിലെ നിലവിളക്കിൽ കൊളുത്തി. മുതിർന്ന പാചകക്കാരൻ വിനോദ്കുമാർ സോപാനം ഊട്ടുപുരയിലെ അടുപ്പിൽ അഗ്നി പകർന്നു.
അഷ്ടമിരോഹിണി വളള സദ്യക്കാവശ്യമായ 500 പറ അരി ചെന്നിത്തല പള്ളിയോട കരയിൽ നിന്നും വഴിപാടായി സമർപ്പിക്കുന്നതാണ്. 52 കരകളിൽ നിന്നും ഭക്തർ നൽകിയ ഉല്പന്ന വിഭവങ്ങൾ പുറമേ ഹോർട്ടികോർപ്പ്, നാരങ്ങാനം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും വിഷരഹിത പച്ചക്കറികളും വിലയ്ക്ക് വാങ്ങിയിട്ടുണ്ട്.
1500 ലിറ്റർ തൈര് ചേനപ്പാടിയിൽ നിന്നും ഘോഷയാത്രയായി 25 ന് രാവിലെ 10 മണിക്ക് ക്ഷേത്രത്തിലെത്തിച്ചേരും. ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ 52 പള്ളിയോട കരക്കാർക്കും പ്രത്യേക സജ്ജമായ ഇരിപ്പിടങ്ങൾ സദ്യക്കായി ഒരുക്കിയിട്ടുണ്ട്. ഒരു ലക്ഷം പേരുടെ സദ്യയാണ് ഒരുക്കുന്നത്.
പ്രത്യേകം ക്ഷണിതാൾക്ക് ഊട്ടുപുര സജ്ജമാക്കിയിട്ടുണ്ട്. പാഞ്ചജന്യം, കൃഷ്ണവേണി എന്നി ആഡിറ്റോറിയങ്ങളും സദ്യ വിളമ്പി നൽകുന്നതിന് ഒരുക്കി. 26 ന് നടക്കുന്ന വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോർജ്, എം എൽ എമാർ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.