കോട്ടയം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുപ്പതിനായിരം കിലോമീറ്റർ റോഡിൽ 50 ശതമാനവും ബി എം ബി സി നിലവാരത്തിലാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്.
നവീകരിച്ച അതിരമ്പുഴ ജംഗ്ഷന്റെയും അതിരമ്പുഴ ആട്ടുകാരൻ കവല റോഡിന്റെയും ഹോളിക്രോസ് റോഡിന്റെയും പൂർത്തീകരണ ഉദ്ഘാടനം അതിരമ്പുഴ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഓൺലൈനായി നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിൽ വലിയ നേട്ടമാണ് അതിരമ്പുഴ ജംഗ്ഷൻ നവീകരണം. കോട്ടയം മെഡിക്കൽ കോളേജ്, എംജി സർവ്വകലാശാല, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴിയിലെ അതിരമ്പുഴ ജംഗ്ഷനിൻ്റെ നവീകരണം ദീർഘകാലമായി നാടിൻ്റെ ആവശ്യമായിരുന്നു. അതിരമ്പുഴ ജംഗ്ഷന്റെ വികസനം നാടിൻ്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
സഹകരണ -തുറമുഖ -ദേവസ്വം വകുപ്പുമന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് തുറന്ന ജീപ്പിൽ ഘോഷയാത്രയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് മന്ത്രിയും ജനപ്രതിനിധികളും ഉദ്ഘാടന വേദിയിലേക്കെത്തിയത്. ആറു മീറ്റർ വീതിയുണ്ടായിരുന്ന അതിരമ്പുഴ ജംഗ്ഷൻ ശരാശരി 18 മീറ്റർ വീതിയിലും 400 മീറ്റർ നീളത്തിലുമാണ് നവീകരിച്ചത്. 86 ഭൂ ഉടമകളിൽ നിന്ന് സ്ഥലം വില നൽകി ഏറ്റെടുത്താണ് റോഡ് നവീകരണം സാധ്യമാക്കിയത്.
1.74 കോടി രൂപ നിർമ്മാണ പ്രവർത്തികൾക്കും 7.06 കോടി രൂപ ഭൂമി ഏറ്റെടുക്കലിനും വകയിരുത്തിയിരുന്നു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ അതിരമ്പുഴ ജംഗ്ഷനെയും ഏറ്റുമാനൂർ -വെച്ചൂർ റോഡിനെയും ബന്ധിപ്പിക്കുന്ന അതിരമ്പുഴ ആട്ടുകാരൻ കവല റോഡ് തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന് ഏറ്റെടുത്താണ് പൊതുമരാമത്ത് വകുപ്പ് 4.45 കോടി രൂപ ചെലവിട്ട് ബിഎംബിസി നിലവാരത്തിൽ നവീകരിച്ചത്.