തിരുവല്ല: ഉന്നത നിലവാരത്തിൽ നവീകരണം നടക്കുന്ന അഴിയിടത്തുചിറ ജംഗ്ഷന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അഴിയിടത്തുചിറ – മേപ്രാൽ റോഡിലേക്ക് തിരിഞ്ഞു വരുന്ന ഭാഗത്താണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസത്തിന് മുകളിലായെന്നും അധികൃതരെ അറിയിച്ചിട്ട് നടപടി ഇല്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.
പൈപ്പ് പൊട്ടി റോഡിൽ കുടിവെള്ളം നിറഞ്ഞതോടെ സമീപ കടകളിലെ കച്ചവടം കുറഞ്ഞതായി സ്ഥാപന ഉടമകൾ പറഞ്ഞു. വാഹനങ്ങൾ കടന്ന് പോകുമ്പോൾ യാത്രക്കാരുടെ ശരീരത്തിൽ വെള്ളം തെറിച്ച് വീഴുന്നത് പതിവാണ്.
അധികൃതർ പൈപ്പ് ലൈൻ പൂട്ടുന്നതോടെ റോഡിൽ വെള്ളം കുറയുകയും തുറക്കുന്നതോടെ വെളളക്കെട്ട് വ്യാപിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. അഴിയിടത്തുചിറ – മേപ്രാൽ റോഡിൽ നവീകരണജോലികൾ പൂർത്തിയായി വരുന്നെങ്കിലും പൈപ്പ് ലൈൻ മാറി പുതിയത് സ്ഥാപിച്ചിരുന്നില്ല. റോഡിന്റെ വശത്തെ കോൺക്രിറ്റിന് അടിയിലൂടെയാണ് പൈപ്പ് ലൈൻ കടന്ന് പോകുന്നത്. ഇത് പൊളിച്ചെങ്കിൽ മാത്രമെ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളു.