അടൂർ : റോഡ് മുറിച്ചു കടക്കാൻ സഹായിച്ചുകൊണ്ടിരുന്ന ട്രാഫിക് വാർഡനുമായി തർക്കമുണ്ടാവുന്നതുകണ്ട് ഇടപെട്ട ഓട്ടോ ഡ്രൈവർമാരിൽ രണ്ടുപേർക്ക് മർദ്ദനമേറ്റു. സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തു. അടൂർ ചേന്നമ്പള്ളി വിജി നിവാസിൽ വിജിലാൽ(35), സഹോദരൻ വിനുലാൽ(31), പെരിങ്ങനാട് കുന്നത്തൂക്കര റോബിൻ വില്ലയിൽ പ്രിൻസ് രാജു (37), പെരിങ്ങനാട് പാറക്കൂട്ടം അമ്പനാട്ടു പള്ളിക്ക് സമീപം അംബേദ്കർ ഭവനത്തിൽ അനൂപ്(34) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ വൈകിട്ട് 7.30 ന് അടൂർ പതിനാലാം മൈൽ ലൈഫ് ലൈൻ ആശുപത്രിക്ക് മുന്നിലാണ് സംഭവം. ഓടിച്ചു വന്ന മോട്ടോർസൈക്കിളിൽ വന്ന മൂന്നു പ്രതികൾ, ആളുകളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന ജോലിയിൽ ഏർപ്പെട്ടു നിന്ന ട്രാഫിക് വാർഡൻ റെജി വർഗീസുമായി തർക്കത്തിൽ ഏർപ്പെട്ടു. റെജി മൊബൈൽ ഫോണിൽ ചിത്രം പകർത്തിയത് ഇവർ ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ ഭീഷണി മുഴക്കുകയും മറ്റും ചെയ്തപ്പോൾ, സമീപത്തുള്ള ടാക്സി സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഇടപെടുകയും ചിലർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം അടൂർ ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയ പ്രതികൾ, രാത്രി എട്ടോടെ തിരിച്ചെത്തി വീഡിയോ എടുത്തുവെന്ന് കരുതിയ ആളിനെ ആദ്യം മർദ്ദിക്കുകയായിരുന്നു. നാലാം പ്രതി അനൂപിനെയും കൂട്ടിയാണ് തിരിച്ചെത്തിയത്.
പെരിങ്ങനാട് തൊഴുവിളപ്പടി മേലൂട് ഹിമം ഹൗസിൽ ഷാജിക്കാണ് ആദ്യം ദേഹോപദ്രവമേറ്റത്. ഒന്നാംപ്രതി വിജിലാൽ ചീത്ത വിളിച്ചുകൊണ്ട് ഷാജിയുടെ ചെള്ളക്കടിച്ചു. അടിച്ചു കൊല്ലെടാ എന്നാക്രോശിച്ചുകൊണ്ട് രണ്ടാംപ്രതി വിനുലാൽ കുത്തിന് പിടിച്ച് നിർത്തി തടഞ്ഞ് കയ്യിലിരുന്ന പാറക്കല്ല് കൊണ്ട് വലത്തേ കണ്ണിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് മൂന്നാം പ്രതി പ്രിൻസ്, സൈക്കിൾ ചെയിൻ പോലെയുള്ള ആയുധം കയ്യിൽ ചുറ്റിപ്പിടിച്ച് തലയിലും നെറ്റിയിലും പലതവണ ഇടിച്ചു. നാലാം പ്രതി അനൂപ് ഷാജിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയും ചെയ്തു. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. അടൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാജിയുടെ മൊഴി രേഖപ്പെടുത്തി എസ് ഐ നകുലരാജനാണ് കേസ് എടുത്തത്. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.