റാന്നി : പെരുമ്പുഴ ടൗണിലെ കടമുറിയിൽ ഉണ്ടായ സ്ഫോടനത്തിൽ അസം സ്വദേശി മരിച്ചു. ആസാം ഉടൽഗുരിയിൽ സോനാ ജൂലിയിൽ കാലിയാ ഗൗർ മകൻ ഗണേശ് ഗൗർ(28) ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇന്ന് ആയിരുന്നു മരണം. ഇയാൾ താമസിച്ചിരുന്ന മുറിയിലാണ് ഞായറാഴ്ച രാത്രി 9 .15 ന് ഉഗ്രസ്ഫോടനം ഉണ്ടായത്. ഞായറാഴ്ച രാത്രി ഉണ്ടായ പൊട്ടിത്തെറിയിൽ ടൗണിന് പരിസരത്ത് നിന്ന് 500 മീറ്ററിലധികം ദൂരത്തിൽ പ്രകമ്പനം ഉണ്ടായതായി പരിസരവാസികൾ പറഞ്ഞു
റാന്നി പോലീസ് സ്റ്റേഷനു സമീപം ഹെഡ് പോസ്റ്റോഫീസിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് സ്ഫോടനം നടന്നത്. മുറിയുടെ കതക് കഷണങ്ങളായി പിളർന്ന് എതിർദിശയിൽ 50 മീറ്ററിലധികം ദൂരത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസിൻ്റെ സമീപത്തെ കെട്ടിടത്തിനു മുകളിലും താഴെ റോഡിലേക്കും തെറിച്ചു വീണു. ഗുരുതരമായി പൊള്ളലേറ്റ ഗണേശ് ഗൗറിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
ഇയാളുടെ മുറിയിൽ ഉണ്ടായിരുന്ന ഗ്യാസ് അടുപ്പിനും നിലണ്ടറിനും
കേടുപാടില്ലെങ്കിലും. ഗ്യാസ് ലീക്കായതാവും സ്ഫോടനത്തിന് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. ഗണേഷ് ഗൗർ കഴിഞ്ഞ മൂന്നു മാസമായി റാന്നി മാമുക്കിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശം പ്രവർത്തിക്കുന്ന വിളയിൽ ട്രേഡിങ് കമ്പനി എന്ന ടയർ കടയിൽ ജോലി നോക്കി വരികയായിരുന്നു.
സ്ഫോടനം നടന്ന ഞായറാഴ്ച ദിവസം ടയർ കടയ്ക്ക് അവധിയായതിനാൽ ഗണേശ് ഗൗർ കോട്ടയത്ത് പോയി തിരികെ റൂമിലെത്തിയ സമയം ഭക്ഷണം പാകം ചെയ്യുന്നതിന് ഗ്യാസ് സ്റ്റൗ ഓണാക്കി ലൈറ്റർ കത്തിച്ചപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പൊള്ളലേറ്റ നിലയിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകും വഴി ഗണേശ് ഗൗർ പോലീസിനോട് പറഞ്ഞു. ഇയാൾ മദ്യപിച്ചിട്ടുള്ളതായും സ്ഥലം പരിശോധിച്ചതിൽ മറ്റ് അസ്വാഭാവികത ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലന്നും,പോലീസ് പറഞ്ഞു .പരിശോധനക്ക് ശേഷം പോലീസ് റൂം സീൽ ചെയ്തു.
സംഭവത്തിന് റാന്നി പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
കെട്ടിട ഉടമയായ കുര്യാക്കോസിൻ്റെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാന്നി പോലീസ് ഇൻപെക്ടർ ജിബു ജോണിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ മനോജ്, കൃഷ്ണൻകുട്ടി, സി പി ഒ.ലിജു എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.