പത്തനംതിട്ട: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വം പെസഹ വ്യാഴം ആചരിക്കുന്നു. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും പെസഹായുമായി ബന്ധപ്പെട്ട് നടക്കും.
അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. തുടര്‍ന്ന് അപ്പം മുറിക്കല്‍ ചടങ്ങും നടക്കും.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇന്നു വൈകിട്ട് 3 ന് പെസഹ ശുശ്രൂഷകൾക്ക് സാമുവൽ മാർ ഐറേനിയസ് കാർമികത്വം വഹിക്കും.
പരുമല സെമിനാരിയിൽ നാളെ 7 ന് തുടങ്ങുന്ന ദുഃഖ വെളളി ശുശ്രൂഷയ്ക്ക് ഡോ. ഏബ്രഹാം മാർ സെറാഫിം മുഖ്യ കാർമികത്വം വഹിക്കും. ദു:ഖ വെള്ളി, ഈസ്റ്റർ ശുശ്രൂഷകൾക്കും ദേവാലങ്ങൾ ഒരുങ്ങി തുടങ്ങി.