കോട്ടയം: ഏറ്റുമാനൂരില്‍ യുവാവിനെ പട്ടാപകല്‍ നടുറോഡില്‍ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആയില്ലെന്ന് പരാതി ഉയര്‍ന്നു. ശേഖരിച്ച ദൃശ്യങ്ങള്‍ സഹിതം പലരെയും സമീപിച്ചുവെങ്കിലും ഇപ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയില്ല.
ഏറ്റുമാനൂരിലേത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് അന്നു തന്നെ നിയമവിദഗ്ധര്‍ ചൂണ്ടികാട്ടിയിരുന്നു. പോലീസ് മര്‍ദന ശേഷം പതിവു രീതിയില്‍ കേസുകള്‍ ചാര്‍ത്തുന്ന നടപടിയാണ് ഇവിടെയും സ്വീകരിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നത്. പോലീസ് സ്‌റ്റേഷനില്‍ മര്‍ദിച്ചു മുഖത്തെകരണം തകര്‍ത്ത ഉദ്യോഗസ്ഥര്‍ സൂരജിനെതിരെ കളളക്കേസുകള്‍ എടുക്കുകയായിരുന്നു.
ഇടിച്ചു വീഴ്ത്താന്‍ വന്ന സ്വകാര്യബസ് ഡ്രൈവറോട് കയര്‍ത്ത യുവാവിനെയാണ് നടുറോഡിലിട്ട് പോലീസ് ഉദ്യോഗസ്ഥന്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ മര്‍ദിച്ചത്. യുവാവിന്റെ മാതാപിതാക്കള്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നിയമപോരാട്ടം തുടരുകയാണ്.