കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ഏറ്റുമാനൂര്‍, ചങ്ങനാശേരി, ഇടുക്കി, കുട്ടനാട് സീറ്റുകള്‍ തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കേരള കോണ്‍ഗ്രസിന് പഴയ ശക്തിയില്ലെന്നും വിജയ സാധ്യത പരിഗണിക്കണം എന്നും ചൂണ്ടിക്കാണിച്ചാണ് നീക്കം. ഈ നാല് സീറ്റുകളിലും 2021ല്‍ കേരള കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.
2021ല്‍ പത്ത് സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസിന് രണ്ടിടത്ത് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. പരമാവധി അഞ്ച് സീറ്റ് മാത്രം കേരള കോണ്‍ഗ്രസിന് നല്‍കിയാല്‍ മതിയെന്ന ആലോചനയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതില്‍ തന്നെ സീറ്റുകള്‍ വെച്ച് മാറുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച തൃക്കരിപ്പൂര്‍, തിരുവല്ല മണ്ഡലങ്ങള്‍ ഏറ്റെടുക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും ഇത്തവണയും മത്സരിക്കാന്‍ അവകാശമുണ്ടെന്നാണ് കേരള കോണ്‍ഗ്രസിന്റെ വാദം. ചങ്ങനാശ്ശേരിയില്‍ കൈപ്പത്തിയില്‍ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യമാണ് പ്രാദേശിക നേതൃത്വം ഉയര്‍ത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ മുന്നേറ്റം ചൂണ്ടിക്കാണിച്ചാണ് നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വരണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
ഏറ്റുമാനൂരില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കേരള കോണ്‍ഗ്രസിന് ശേഷിയില്ലെന്ന വാദമാണ് ഉയരുന്നത്. ഇടുക്കിയിലും കേരള കോണ്‍ഗ്രസിന് വേണ്ടത്ര സ്വാധീനമില്ലെന്നാണ് വിലയിരുത്തല്‍. തൃക്കരിപ്പൂരിലും തിരുവല്ലയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചാല്‍ മത്സരം കടുക്കുമെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.






