കോഴഞ്ചേരി : കോഴഞ്ചേരിയിൽ പമ്പാ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിൻ്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു. ഏറെ നാളായി മുടങ്ങിക്കിടന്ന നിർമാണ അനുബന്ധ പ്രവൃത്തികൾക്കാണ് ജീവൻ വച്ചത്.മാരാമൺ- നെടുംപ്രയാർ ഭാഗത്തെ സമാന്തര റോഡിൻ്റെയും സംരക്ഷണ ഭിത്തികളുടെയും നിർമാണം തുടങ്ങി.
തുടർച്ചയായി മഴ പെയ്യുന്നതു കാരണം ജോലികൾ തടസപ്പെടുന്നുണ്ടെങ്കിലും മൂന്ന് ഭാഗങ്ങളിലെ സംരക്ഷണ ഭിത്തികളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് മരാമത്ത്പാലം വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിൽ സർവീസ് റോഡിൻ്റെ സംരക്ഷണ ഭിത്തിയുടെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ നിന്ന് തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസ് പടി വരെയാണ് സമാന്തര പാത നിർമിക്കുന്നത്. ചന്തക്കടവ് ഭാഗത്തെ സ്പാനുകളുടെ നിർമാണം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നും പാലം നിർമാണവുമായി ബന്ധപ്പെട്ട ഉന്നതതലയോഗം ഉടൻ തന്നെ തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി വീണാ ജോർജിൻ്റെ ഓഫിസിൽ നിന്ന് അറിയിച്ചു
പുതിയ പാലത്തിന് 198.8 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതിയുമാണുള്ളത്.32 മീറ്റർ നീളത്തിൽ നാല് സ്പാനുകളിൽ ആർച്ച് ബ്രിഡ്ജും ഇരുകരകളിലുമായി 23.6 മീറ്റർ നീളത്തിൽ 3 ലാൻഡ് സ്പാനുകളുമായാണ് പാലം രൂപകൽപന ചെയ്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഊരാളുങ്കൽ സർവീസ് സൊസൈറ്റിയ്ക്കാണ് ഇപ്പോൾ നിർമാണ ചുമതല നൽകിയിരിക്കുന്നത്.