തിരുവനന്തപുരം : അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികൾക്കുള്ള മരുന്ന് നൽകരുത്.കുട്ടികൾക്കുള്ള മരുന്നുകൾ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടർമാർ ഡോസ് നിശ്ചയിക്കുന്നത്. അതിനാൽ ഒരു കുഞ്ഞിന് കുറിച്ച് നൽകിയ മരുന്ന് മറ്റ് കുഞ്ഞുങ്ങൾക്ക് നൽകാൻ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായും ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാർഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു പ്രശ്നവും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.