പന്തളം : ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ പ്രതി പന്തളം പോലീസിന്റെ പിടിയിൽ. മലപ്പുറം കാളികാവ് അഞ്ചച്ചവടി വെള്ളയൂർ വെന്താളം പടി പിലാക്കൽ ഹൗസിൽ ജിൻഷിദ് (21) ആണ് അറസ്റ്റിലായത്. ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 12,17,697 രൂപ തട്ടിയെടുക്കുക ആയിരുന്നു.
ടെലിഗ്രാം ആപ്ലിക്കേഷൻ വഴി അയച്ചുകൊടുത്ത ലിങ്കിലൂടെ നേഹ എന്ന ടെലിഗ്രാം അക്കൗണ്ടിൽ നിന്നും ബന്ധപ്പെട്ട് മോജ് എന്ന ആപ്പ് ഡൌൺലോഡ് ചെയ്യിപ്പിച്ചശേഷം, ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിൽ ലാഭം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പന്തളം മങ്ങാരം സ്വദേശിയെയാണ് ഇയാൾ കബളിപ്പിച്ചത്.
കഴിഞ്ഞവർഷം നവംബർ 6 നും 14 നുമിടയിലുള്ള കാലയളവിൽ ഇദ്ദേഹത്തിന്റെ പന്തളം തോന്നല്ലൂർ എസ് ബി ഐ ശാഖയിലെ അക്കൗണ്ടിൽ നിന്നും, അടൂർ ഇസാഫ് ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി ഇത്രയും തുക അയച്ചുവാങ്ങിയിട്ട് തിരികെനൽകാതെ കബളിപ്പിക്കുകയായിരുന്നു.
പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.