തിരുവനന്തപുരം : മഷിപുരണ്ട ചൂണ്ടുവിരൽ ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ ചിഹ്നമാണ് . ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. വിരലിൽ പുരട്ടിയാൽ വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോവാൻ.
സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പിന് പുരട്ടാനായി 63,100 കുപ്പി മഷി (ഇൻഡെലിബിൾ ഇങ്ക്) യാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ഒരു കുപ്പിയിൽ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടാനാവും. വോട്ടുചെയ്യാൻ വരുന്ന പൗരന്മാരുടെ ഇടത്തെ കയ്യിന്റെ ചൂണ്ടുവിരലിൽ ഈ മഷി പുരട്ടുക എന്നത് രണ്ടാം പോളിംഗ് ഓഫീസറുടെ ഉത്തരവാദിത്തമാണ്.
ഒരു കോടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്കാവശ്യമായ മഷി തിരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിയിൽ(എംവിപിഎൽ) നിന്ന് എത്തിച്ചത്. സംസ്ഥാനത്തെ 25,231 ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഈ മഷി നിർമിക്കാൻ അനുവാദമുള്ളത് മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിക്ക് മാത്രമാണ്.നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യയിൽ വികസിപ്പിച്ച ഒരു ഫോർമുലയാണ് വോട്ടിങ് മഷിയിൽ ഉപയോഗിച്ചിട്ടുള്ളത്.
കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നം കൂടിയാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.