പത്തനംതിട്ട : ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ് ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ചേമ്പറില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ആലോചനായോഗത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
ആന്റിബയോട്ടിക് പ്രതിരോധമെന്ന അപകടമാണ് ചെറുക്കപ്പെടേണ്ടത്. മരുന്നു കുറിക്കുന്ന ഡോക്ടര്‍മാരും പൊതുജനവും ഇക്കാര്യത്തില്‍ ബോധമുള്ളവരാകണം. ഹരിത കേരള-ശുചിത്വ മിഷനുകള്‍ തുടങ്ങി പ്രചാരണ സംവിധാനമുള്ളവയുടയെല്ലാം സഹകരണത്തോടെ സന്ദേശമെത്തിക്കാനാകാണം. വിദ്യാര്‍ഥികളിലേക്കും പുതുതലമുറയിലേക്കും മരുന്ന് ദുരുപയോഗത്തിന്റെ ദോഷഫലങ്ങളെത്തിക്കണം.
ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ മാര്‍ഗങ്ങളാണ് മുന്നിലുള്ളത്. ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍ നല്‍കുന്നത് മുതല്‍ നിശ്ചിതദിവസം സര്‍ക്കാര്‍ ജീവനക്കാരെല്ലാം നീലനിറത്തിലുള്ള വസ്ത്രം ധരിച്ച് ഓഫീസിലെത്തുന്നത് ഉള്‍പ്പടെയുള്ള പരിപാടികളാണ് പരിഗണനയിലുള്ളത്. ആരോഗ്യമുള്ള തലമുറകളുറപ്പാക്കാന്‍ ആന്റിബയോട്ടിക്ക് ഉപയോഗം പരിമിതപ്പെടുത്തണമെന്നും മരുന്നുപയോഗത്തിലെ മനോഭാവം മാറേണ്ടതുണ്ടെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.