ആലപ്പുഴ: ഈ സർക്കാർ വന്നതിനുശേഷം 40 ലക്ഷം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 17 ലക്ഷം കുടുംബങ്ങളിൽ മാത്രം ശുദ്ധജലം എത്തിച്ചിരുന്ന സ്ഥാനത്താണ് ഇത്രയും കണക്ഷനുകൾ കുറഞ്ഞ കാലയളവിൽ നൽകാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ശുദ്ധജല ലഭ്യത കുറഞ്ഞു വരുന്നുണ്ട്. ഭൂഗർഭജലം കുറയുന്നതാണ് കാരണം. എന്നാൽ ഇത് ആശങ്കയ്ക്ക് കാര്യമല്ലെന്നും ജലജീവൻ മിഷൻ ഉൾപ്പെടെയുള്ള പ്രവർത്തികൾ സംസ്ഥാനം വിജയകരമായി നടപ്പിലാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.
മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ കാട്ടൂരിൽ 6.22 കോടി രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച ഉന്നതതല വാട്ടർ ടാങ്കിൻ്റെ ഉദ്ഘാടനവും 38 കോടി രൂപയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 38 കോടി രൂപയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2026 ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനായി.
12 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നതതല ജല സംഭരണിയും മൂന്ന് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല ടാങ്കുമാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇതോടൊപ്പം 108 കിലോ മീറ്റർ ദൂരത്തിൽ കുടിവെള്ള വിതരണ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തിക്കും തുടക്കമിട്ടു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബി വകയിരുത്തിയതുകയിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.