തിരുവനന്തപുരം : ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ബാംഗ്ലൂരിൽ നിന്നും മധ്യതിരുവതാംകൂറിലേക്ക് ട്രെയിൻ യാത്ര സുഗമമാക്കുന്നതിനായി ബാംഗ്ലൂരിൽ നിന്നും കോട്ടയം വഴി കൊല്ലത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി.
ട്രെയിൻ നമ്പർ 06577/06578 SMVT ബംഗളുരു – കൊല്ലം – SMVT ബംഗളുരു സ്‌പെഷ്യൽ ഏപ്രിൽ 17ന് ബാംഗ്ലൂരിൽ നിന്ന് യാത്ര തിരിച്ച് 18ന് കൊല്ലത്തു നിന്നും ബാംഗ്ലൂരിലേക്ക് തിരികെ പോകും. ട്രെയിൻ നമ്പർ 06585/06586 SMVT ബംഗളുരു – കൊല്ലം – SMVT ബംഗളുരു സ്‌പെഷ്യൽ ഏപ്രിൽ 19ന് ബാംഗ്ലൂരിൽ നിന്നും കൊല്ലത്തേക്ക് യാത്ര തിരിച്ച് 20ന് കൊല്ലത്തു നിന്നും ബാംഗ്ലൂരിലേക്ക് തിരികെ പോകും.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ മന്ത്രിയോട് പ്രത്യേകമായി ആവശ്യപ്പെട്ടാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിപ്പിച്ചത്. ഇരു ട്രെയിനുകളും ഓരോ സർവീസ് വീതം ആയിരിക്കും യാത്ര നടത്തുക. മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ ഇരു ട്രെയിനുകൾക്കും സ്റ്റോപ്പ് ഉണ്ട്.
നിരന്തരമായ ശ്രമത്തിന്റെ ഫലമായി ബംഗളുരുവിലും കേരളത്തിലുമായി ജോലി ചെയ്യുന്ന ഒട്ടനവധി തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസം നൽകുന്ന രീതിയിലാണ് ഈ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും എംപി അറിയിച്ചു.