പത്തനംതിട്ട: അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കോട്ടമുകൾ രത്‌നമ്മ(77)യാണ് മരിച്ചത്. ഇവർ തനിച്ചായിരുന്നു താമസം. ഞായറാഴ്ച രാവിലെ ബന്ധുക്കൾ രത്‌നമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയോധികയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് മുറിക്കുള്ളിൽ നിന്നും പൊലീസ് കണ്ടെടുത്തു.
എന്നാൽ രത്‌നമ്മയുടെ ആഭരണങ്ങൾ കാണാനില്ലെന്നും വീടിന്റെ പുറത്തുള്ള മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയി. മൃതദേഹത്തിന് സമീപം രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപണം.
കൈ ഞരമ്പ് മുറിച്ചതിനുശേഷം ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. സാഹചര്യങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അടൂർ പൊലീസ് അറിയിച്ചു.




                                    

