ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ ദോഡയിൽ 4 പേരും, കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ 6 പേരും മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യമടക്കം രക്ഷാ പ്രവർത്തനം തുടരുകയാണ്. ഒരാഴ്ചയ്ക്ക് ശേഷമുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ദോഡ ജില്ലയിലാണ് രാവിലെ മിന്നൽ പ്രളയമുണ്ടായത്. താഴ്ന്ന മേഖലയിലെ പല വീടുകളിലും വെള്ളം കയറുകയും കെട്ടിടങ്ങൾ തകർന്ന് വീഴുകയും ചെയ്യും. മേഖലയിലെ പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. താവി നദിക്ക് കുറുകെയുള്ള പാലം തകർന്ന് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. കെട്ടിടം തകർന്നും, വെള്ളപ്പൊക്കത്തിൽ വീണുമാണ് ആളുകൾ മരിച്ചത്. രക്ഷാപ്രവർത്തനത്തിന് സൈന്യവും ഇറങ്ങിയിട്ടുണ്ട്.
ദോഡ കൂടാതെ കിഷ്ത്വാർ, കത്ര മുതലായ ജില്ലകളിലും സ്ഥിതി ഗുരുതരമാണ്. കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം ഉച്ചയ്ക്കാണ് മണ്ണിടിച്ചിലുണ്ടായത്.
സംസ്ഥാനത്ത് പലയിടത്തും സ്ഥിതി ഗുരുതരമാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കുകയും അടിയന്തിര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുകയും ചെയ്തു. സംസ്ഥാനത്ത് ഫോൺ – ഇന്റർനെറ്റ് ബന്ധവും താറുമാറായിട്ടുണ്ട്. വരുന്ന 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്രം സാഹചര്യം നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചു.