ചങ്ങനാശ്ശേരി : സർക്കാർ അധ്യാപകരെ ശമ്പളം കൊടുക്കാതെ വഞ്ചിക്കുകയാണെന്നും അധ്യാപകരെ ഉപയോഗിച്ച് വർഗീയത വളർത്തനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും സമര സമിതി രക്ഷാധികാരി വി ജെ ലാലി. കഴിഞ്ഞ നാലുവർഷമായി നിയമനഗീകാരം ലഭിക്കാതെ ശമ്പളം കിട്ടാത്തവരുടെയും ഗസ്റ്റ് അധ്യാപകരായി വർഷങ്ങളായി തുടരുന്നവരുടെയും സമര പ്രഖ്യാപന സമ്മേളനം ചങ്ങനാശ്ശേരി അർക്കാലിയ ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ സമരം ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ അധ്യാപക കൂട്ടായ്മ സംഘടിപ്പിക്കുവാനും ജനുവരി 10 ന് വിപുലമായ അധ്യാപക കൺവെൻഷൻ ചങ്ങനാശ്ശേരിയിൽ നടത്തുന്നതിനും ജനുവരി അവസാന വാരം സെക്രട്ടറിയറ്റ് നടയിൽ സമരമാരംഭിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.
ഭിന്നശേഷിക്കാരുടെ നിയമനത്തിന്റെ പേരിൽ പതിനാറായിരത്തോളം വരുന്ന അധ്യാപകരുടെ ശമ്പളം സർക്കാർ തടഞ്ഞു വച്ചിരിക്കുന്നു. ആവശ്യമായ ഭിന്ന ശേഷിക്കാരില്ലാത്തതുമൂലം ഭിന്നശേഷിക്കാരുടെ പോസ്റ്റ് ഒഴിച്ചിട്ടശേഷം നിയമനാഗീകാരം നൽകണമെന്നുള്ള ആവശ്യവും സർക്കാർ തള്ളിക്കളഞ്ഞു. കോടതി ഉത്തരവ് നേടിയ ഒരു വിഭാഗം അധ്യാപകർക്ക് ശമ്പളം കൊടുക്കുകയും മറ്റൊരു വിഭാഗത്തെ ഒഴിവാക്കുകയും ചെയ്യുന്നത് അനീതിയാണ്. സർക്കാരാണ് ഈ സമരത്തിന് കാരണക്കാരെന്നും സമര സമിതി കുറ്റപ്പെടുത്തി.
സമര സമിതി കൺവീനർ ലയ മരിയ ജോസഫിന്റെ അധ്യക്ഷതയിൽ എബിൻ ആന്റണി, സിസ്റ്റർ റോസ്ബല്ല,നീതു മരിയ ജേക്കബ്,ആഷ ആന്റണി സബീഷ് നെടുമ്പറമ്പിൽ, മാതാപിതാക്കളുടെ പ്രതിനിധികളായ തോമസ്കുട്ടി മണക്കുന്നേൽ, സൂസമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.






