കൊച്ചി : അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു .മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഇളയ മകൾ ആശ ലോറൻസാണ് ഹൈക്കോടതിയെ സമീപിച്ചത്.
ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാൻ മറ്റു രണ്ട് മക്കളും തീരുമാനിച്ചിരുന്നു.ജീവിച്ചിരുന്നപ്പോൾ പിതാവ് പ്രകടിപ്പിച്ച ആഗ്രഹത്തെ തുടർന്നാണ് ഇക്കാര്യം ചെയ്യുന്നതെന്നാണ് മകൻ അഡ്വ. എം.എൽ.സജീവൻ പറഞ്ഞത് .എന്നാൽ പിതാവ് സഭാംഗമാണെന്നും മതത്തെയോ മതവിശ്വാസത്തെയോ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മൃതദേഹം മെഡിക്കൽ കോളജിനു കൊടുക്കാൻ പിതാവ് പറഞ്ഞിട്ടില്ലെന്നും ആശാ ലോറൻസ് ഹർജിയിൽ പറഞ്ഞു.
കോടതി വിധിയ്ക്കു പിന്നാലെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തർക്കവും നാടകീയ സംഭവവികാസങ്ങളും ഉണ്ടായി. മകനൊപ്പം മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ച മകൾ ആശ മൃതദേഹം കെട്ടിപ്പിടിച്ച് കിടന്നു. ഇതിനിടെ ആശ ലോറന്‍സിന്റെ മകനു നേരെ ബലപ്രയോഗമുണ്ടായി. ആശയും മകനും നിലത്തു വീണു. തുടർന്ന് മറ്റു ബന്ധുക്കൾ ഇടപെട്ട് സംഭവങ്ങൾ നിയന്ത്രിക്കുകയായിരുന്നു .പൊലീസിന്റെ സഹായത്തോടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.