ആലപ്പുഴ: ജനറൽ ആശുപത്രിയിലെ പുതിയ ബ്ലഡ് സെന്ററിന്റെ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെയാണ് സെന്റർ ഒരുക്കിയിട്ടുള്ളതെന്ന് എംഎൽഎ പറഞ്ഞു. 300 ബ്ലഡ് പാക്കറ്റ് വരെ ഒരേസമയം സൂക്ഷിക്കുവാനും പ്ലാസ്മ വേർതിരിച്ച് 10 വർഷം വരെ കേടുകൂടാതെ സൂക്ഷിക്കുവാനും സാധിക്കും. പൊതുമരാമത്ത് വകുപ്പ് 65 ലക്ഷത്തോളം രൂപ മുടക്കിയാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയത്. നഗരസഭയുടെ ഫണ്ടും ഇതിനായി ചെലവഴിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
രക്തമെടുത്ത് അതിലെ ഘടകങ്ങൾ വേർതിരിച്ച് രോഗികൾക്ക് ആവശ്യമായ ആർബിസി, പ്ലാസ്മ, പ്ലേറ്റ് ലെറ്റ് എന്നിവ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും 18 വയസ്സിനു മുകളിലുള്ളവർക്ക് രക്തം ദാനം ചെയ്യുവാനുള്ള സൗകര്യവും ബ്ലഡ് ബാങ്ക് ലിങ്കേജ് സംവിധാനവും ബ്ലഡ് സെന്ററിൽ ഒരുക്കിയിട്ടുണ്ട്. സെന്ററിനായി 25 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ആലപ്പുഴ ഗവ. നഴ്സിങ് സ്കൂളിനു സമീപമുള്ള ഇരുനില കെട്ടിടത്തിൻ്റെ താഴത്തെ നിലയിലാണ് സെന്റർ പ്രവർത്തിക്കുക. ചടങ്ങിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി.