ചെറുകോൽപ്പുഴ : 113 വർഷം മുൻപ് തുടക്കം കുറിച്ച ഹിന്ദുമത പരിഷത്തിൻ്റെ പ്രസക്തി ഇക്കാലഘട്ടത്തിലും തുടരുന്നത് ആശാവഹമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. പമ്പാ മണൽ പുറത്തെ വിദ്യാധിരാജ നഗറിൽ 113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം കുറിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു മതം എന്നത് കേവലം ഒരു മതമല്ലെന്നും മനുഷ്യന്റെ ജീവിത വഴിയാണ് ഹിന്ദു മതമെന്നും വസുധൈവ കുടുംബകമെന്ന ആശയം ലോകത്തിനു സംഭവന ചെയ്തത് സനാതനധർമ്മമാണെന്നും അദ്ദേഹം പറഞ്ഞു. ധർമ്മം എന്നത് സമൂഹത്തിൽ എങ്ങനെ ജീവിക്കണം എന്ന രീതിയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം പന്മന ആശ്രമത്തിലെ ജ്യോതി പ്രയാണ ഘോഷയാത്ര, എഴുമറ്റൂർ ശ്രീ പരമ ഭട്ടാരക ആശ്രമത്തിൽ നിന്നുമുള്ള ഛയാ ചിത്ര ഘോഷയാത്ര, അയിരൂർ പുതിയകാവിൽ നിന്നുമുള്ള പതാക ഘോഷയാത്ര, സദാനന്ദപുരം അവധുതാശ്രമത്തിൽ നിന്നുള്ള പദയാത്ര സമാന്വയിച്ചു ചെറുകോൽപ്പുഴ ശ്രീ വിദ്യാധിരാജ സ്മൃതി മണ്ഡപത്തിൽ ഒത്തുചേർന്നതോടെയാണ് ഹിന്ദുമത പരിഷത്തിന് തുടക്കമായത്
ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻ്റ് പി.എസ് നായർ അധ്യക്ഷത വഹിച്ചു, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, ആൻ്റോ ആൻറണി എം.പി, പ്രമോദ് നാരായൺ എം.എൽ.എ, പെരുംകുളം ചെങ്കോൽ ആധീനം ശിവപ്രകാശ ദേശിക സത്യജ്ഞാന പണ്ടാര സന്നിധി സ്വാമികൾ,വാഴൂർ തീർത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, സദാനന്ദപുരം അവധൂദാശ്രമം മഠാധിപതി ചിദാനന്ദ ഭാരതി സ്വാമികൾ തുടങ്ങിയവർ പങ്കെടുത്തു.