സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു .
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം.മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങൾ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും, എച്ച്.ഐ.വി, കരൾ രോഗങ്ങൾ തുടങ്ങിയ മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലുമാണ് തീവ്രമായ അസുഖം കാണപ്പെടുന്നത്.രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തെ ബാധിച്ചാൽ 80-95% കുട്ടികളിലും, 10-25% മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. 2 മുതൽ 6 ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിൽ ആവുക.) എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
ഹെപ്പറ്റൈറ്റിസ്-എ വൈറസ് മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂർണമായും ഭേദമാക്കാനാകും. അസുഖ ബാധിതർ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം.