തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാൻ ഉള്ള സർക്കാരിൻറെ ഗൂഢശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്‍റെ (സെറ്റോ) ആഭിമുഖ്യത്തിൽ നടന്ന നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവാനന്ദം എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കാനുള്ള നീക്കം നിലവിലുള്ള ശമ്പളവും പെൻഷനും കവർന്നെടുക്കാനുള്ള ഗൂഢശ്രമമാണ്.ഈ പദ്ധതിക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നില്ല. 2019ലെ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക തുക പോലും ഇതുവരെ നൽകിയിട്ടില്ല. നാല് ഗഡുക്കളായി നൽകും എന്ന് പ്രഖ്യാപിച്ചതല്ലാതെ നാളിതുവരെ നൽകിയിട്ടില്ല .അഞ്ചുവർഷമായി ലീവ് സറണ്ടർ നൽകുന്നില്ല. ഈ തുക പിഎഫിൽ ലയിപ്പിക്കും എന്ന് പറഞ്ഞതല്ലാതെ അത് അക്കൗണ്ടിൽ വരവ് വെച്ചിട്ടില്ല. ഏകപക്ഷീയമായി ജീവാനന്ദം പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോയാൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ കെ അബ്ദുൽ മജീദ്,കെ. സി . സുബ്രഹ്മണ്യൻ, എ. എം . ജാഫർഖാൻ, പി കെ. അരവിന്ദൻ, കെ എം ഷൈൻ, ആർ. അരുൺകുമാർ, പ്രദീപ് കുമാർ, അനിൽകുമാർ, കെ. അരുൺകുമാർ , എം. ജെ .തോമസ് ഹെർബിറ്റ്, അനിൽ വട്ടപ്പാറ, എസ് .മനോജ് , ഹരികുമാർ, രാജീവ് .ബി .എസ് , ജേക്കബ്സൺ, സ്റ്റാലിൻ, പുരുഷോത്തമൻ, വീണ .എസ്. ബൈജു ,എസ്. മനോജ്, നിധിൻ പ്രസാദ് എന്നിവർ സംസാരിച്ചു