അടൂർ : ലൈഫ് ലൈൻ ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പി വിഭാഗം വളരെ അപൂർവമായ സുപ്പീരിയർ ലമ്പാർ ഹെർണിയയുടെ ചികിൽസ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ കൊല്ലം അയിരൂർ സ്വദേശിയായ മധ്യവയസ്കനിൽ വിജയകരമായി പൂർത്തീകരിച്ചു. ഗ്രിൻഫെൽറ്റ് ഹെർണിയ എന്നും അറിയപ്പെടുന്ന ഇത് ശസ്ത്രക്രിയാ വിദഗ്ധർ അപൂർവ്വമായി അഭിമുഖീകരിക്കുന്ന ഒരു അവസ്ഥയാണ്. വയറിലെ ഭിത്തിയിലെ ഹെർണിയകളിൽ ഒരു ചെറിയ ശതമാനം (0.1% മുതൽ 2% വരെ) മാത്രമേ ഇത്തരത്തിൽ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളു.
ഒരു സർജന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു പക്ഷേ ഒരിക്കൽ മാത്രം നേരിട്ടേക്കാവുന്ന വളരെ അസാധാരണമായ ഈ അവസ്ഥക്കുള്ള കീഹോൾ ശസ്ത്രക്രിയക്കു ലൈഫ് ലൈൻ ജനറൽ ആൻഡ് ലാപ്പറോസ്കോപിക് വിഭാഗം തലവൻ ഡോ മാത്യൂസ് ജോൺ നേതൃത്വം നൽകി. സർജന്മാരായ ഡോ. അനൂപും ഡോ. അനീതയും അനസ്തേഷ്യ ഡോക്ടർമാരും തീയേറ്റർ സ്റ്റാഫും അദ്ദേഹത്തെ സഹായിച്ചു.
പുറം വേദനയും പുറത്തു മുഴയുമായി ആണ് രോഗി ഡോ മാത്യൂസിനെ സമീപിച്ചത്.ജോലിയോ മറ്റെന്തെങ്കിലുമോ ശരിക്കു ചെയ്യാൻ പറ്റാത്ത തരത്തിൽ അദ്ദേഹത്തിന് വേദന അനുഭവപ്പെട്ടു. വലിയ മുറിവുണ്ടാക്കാതെ രക്തസ്രാവമില്ലാതെ താക്കോൽദ്വാരം വഴി ശസ്ത്രക്രിയ ചെയ്യുന്നതിനെപ്പറ്റി അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും തുടർന്ന് ശസ്ത്രക്രിയ ചെയ്യുകയുമായിരുന്നു.
സാധാരണ ഇത്തരം ശസ്ത്രക്രിയകൾ ഓപ്പൺ സർജറി വഴിയാണ് ചെയ്യാറുള്ളത്. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടുദിവസമായപ്പോഴേക്കും രോഗിയെ ഡിസ്ചാർജ് ചെയ്യാൻ സാധിച്ചു. പൂർണ ആരോഗ്യത്തോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.