കണ്ണൂർ : കണ്ണൂർ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള പ്രതി സന്തോഷിന്റെ സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന് എഫ്.ഐ.ആർ. കൊലപാതകം നടത്തിയ തോക്ക് സമീപത്തെ പുഴയിൽ പ്രതി ഉപേക്ഷിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്. രാധാകൃഷ്ണന്റെ പുതുതായി പണിയുന്ന വീട്ടിൽവെച്ചായിരുന്നു സംഭവം.വീട് പണിയുടെ നിർമാണം ഏറ്റെടുത്തിരുന്നത് സന്തോഷായിരുന്നു.രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. രക്തത്തിൽ കുളിച്ചു കിടന്ന രാധാകൃഷ്ണനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്തോഷ് ഇതിന് മുൻപും രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.