പാലക്കാട് : കല്ലടിക്കോട് കരിമ്പ വാഹനാപകടത്തിൽ മരിച്ച 4 കുട്ടികൾക്ക് കണ്ണീർപ്രണാമവുമായി നാട്.മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വച്ചശേഷം തുപ്പനാട് ജുമാ മസ്ജിദിൽ കബറടക്കം നടന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം, ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്,സീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം,നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ,സജ്‌ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പാലക്കാടേക്ക് പോവുകയായിരുന്ന ലോറി, സിമന്റ് കയറ്റിയെത്തിയ ലോറിയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട സിമന്റ് ലോറി വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് മുകളിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ എതിരെ വന്ന ലോറി ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.






