ആലപ്പുഴ: കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ ആർ ഹേലിയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ‘ആർ ഹേലി സ്‌മാരക കർഷക ശ്രേഷ്ഠ’ പുരസ്കാരത്തിന് കുട്ടനാടുകാരനായ കർഷകന്‍ ജോസഫ് കോര അർഹനായി.
ആലപ്പുഴ ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. 15000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. രാമങ്കരി മാമ്പുഴക്കരി കരിവേലിത്തറ സ്വദേശിയും 83കാരനുമായ ജോസഫ് കോര സംയോജിത കർഷകനാണ്.
ജില്ലയിലെ പതിനാറോളം കര്‍ഷകരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജേതാവിനെ തിരഞ്ഞെടുത്തതെന്നും എണ്‍പത്തിമൂന്നാം വയസ്സിലും കൃഷി ജീവിത ദൗത്യമായി കൊണ്ടു നടക്കുന്ന അദ്ദേഹം ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും പ്രചോദനമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
അന്താരാഷ്ട്ര കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ. കെ ജി പത്മകുമാർ, കര്‍ഷകമിത്ര ടി എസ് വിശ്വൻ, ആലപ്പുഴ ടൗണ്‍ അര്‍ബന്‍ബാങ്ക് മുന്‍ പ്രസിഡന്റ് പി എസ് ഹരിദാസ്, കര്‍ഷകന്‍ പി ശ്യാംകുമാർ എന്നിവരടങ്ങുന്ന അവാർഡ് നിർണ്ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാര സമര്‍പ്പണം മാര്‍ച്ച് ആദ്യവാരം കളക്ടറേറ്റിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും.